മദേർസ് ഡേ പോസ്റ്റുകൾ വായിച്ചു കണ്ണിലൊരു നനവും പടർത്തി ഞാനിരുന്നു ..ഈ മാതൃത്വം എന്ന് പറഞ്ഞാൽ ഇമ്മിണി ബല്യ ഒരു സാധനമാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നെങ്കിലും, സ്വന്തമായി ഒരു പെണ്‍കുഞ്ഞു ഉണ്ടായപ്പോഴാണ് അതിന്റെ ഒരു full impact മനസ്സിലായത്!
പണ്ട് ഓഫീസ് കഴിഞ്ഞു വൈകിട്ട് ആറ് മണിക്കു വീട്ടിലെത്തുന്ന ഞാൻ എത്താൻ 6.15 ആയി പോയാൽ ഗേറ്റിനു വെളിയിൽ ഇറങ്ങി റോഡിൻറെ അരികിൽ ഒരാൾ നില്പുണ്ടാവും..സാരിത്തലപ്പു മറ്റേ തോളത്തുകൂടി വിരിഞ്ഞു മുറുക്കിയുള്ള ഒരു നിൽപ്പ്! ആ മുഖത്തുള്ള ആളലും വയറിലെ കത്തലും ദൂരെ നിന്നേ ഞാൻ കാണും ..എന്നാലും അടുത്തെത്തുമ്പോൾ ഒരു പുഛ ചിരി ചിരിച്ചു അകത്തേക്കോടി ഞാൻ പറയും "ഈ മമ്മീടെ ഒരു കാര്യം! പത്തു മിനുട്ട് അല്ലെ വൈകിയുള്ളൂ!"
വിരിഞ്ഞു മുറുകിയ ചുണ്ടുകൾ വീണ്ടും അയഞ്ഞു ഒരു പുഞ്ചിരിയുടെ ലാഞ്ചന വരുത്തി പറയും "നിനക്കൊക്കെ ഒരു പെങ്കൊചുണ്ടാവട്ടെടീ. അപ്പൊ നീ അറിയും ഈ ആളലൊക്കെ!"
"പിന്നേ ! അത്രയ്ക്ക് പേടിച്ചു തൂറിയാവാനോ" എന്ന് ഞാനും.
എന്നാൽ ഇന്ന് കളിക്കാൻ പോയ എന്റെ നാല് വയസ്സുകാരിയെ ഒരു രണ്ടു മിനിട്ട് കണ്ടില്ലെങ്കിൽ ഇതേ ആളലോടെ ഞാൻ ഓടും..
ഫ്ലാറ്റിന്റെ താഴെ കൊമണ്‍ ഏരിയയിലും ..കളി സ്ഥലത്തും എല്ലാം ഒരു രണ്ടു സെക്കന്റ് മാറി പോയാൽ അപ്രത്യക്ഷമാകുന്ന അവളെ നോക്കി ഞാൻ ഒരു മുഴുപ്രാന്തിയെപ്പോലെ ഓടും..മറ്റു ഫ്ലാറ്റുകളിക്കെല്ലാം ചെന്ന് വാതിലിൽ മുട്ടും ..അപ്പൊ ഇതേ ആളൽ ഒരു ഇബ്ലീസായി മാറി എന്റെ നെഞ്ചിടിപ്പുകൾ പിഴിഞ്ഞ് കൊണ്ടിരിക്കും ..
ഒരിക്കൽ ഇത് പറയാൻ ഞാൻ ശ്രമിച്ചു. ഫോണ്‍ എടുത്തു വിളിച്ചിട്ട് പറഞ്ഞു "പെറ്റ വയർ ആളുന്നല്ലോ ഉമ്മാ.."
അങ്ങേ തലക്കൽ നിന്ന് "നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ കാലി വയറും കൊണ്ട് നടക്കരുതെന്നു!..വെശന്ന് നടക്കാതെ പോയി വല്ലോം ഇണ്ടാക്കി തിന്ന്! എത്ര പറഞ്ഞാലും ഈ പെണ്ണ് കേക്കൂല ! പെറ്റ പെണ്ണുങ്ങൾ ഇങ്ങനെ വയറും ആളി നടക്കാമോ..നല്ലോണം തിന്നേണ്ട പ്രായമല്ലേ.....................................................................!!!!!!!
0 comments:
Post a Comment