Showing posts with label Malayalam Poem. Show all posts
Showing posts with label Malayalam Poem. Show all posts

Wednesday, August 7, 2013

മൊഹബ്ബത്ത്

അടുക്കു പത്തിരിയില്‍ അടക്കി വെക്കുന്നത് ന്റെ പിരിശം..
നെയ്പത്തിരിയില്‍ പൊരിച്ചു കോരുന്നത് ന്റെ മൊഹബ്ബത്ത്..

അലീസയിൽ കിടന്നു വേവുന്നത്‌ ന്റെ ഖൽബ്..
മുട്ടമാലയിലെമ്പാടും മ്മടെ പ്രേമമാലകള്‍...

പഴം നിറച്ചതില്‍ നിറയുന്നു മ്മടെ കിനാവുകള്‍..
അതിശയപത്തിരിയിലും അതിശയമായ്‌ മാരന്റെ മൊഞ്ച് ..

തോനെ തോനെ ഓനെ പഞ്ചാര പലഹാരമൂട്ടി
പിരിശം പിരിശം കൂട്ടി അരികത്തു ഞമ്മളും

Wednesday, July 31, 2013

വിശേഷണങ്ങൾ



വിശേഷണങ്ങൾ ഏറെയാണ്‌ പുരുഷാ
നിൻറെ ദാനം ഞങ്ങൾക്കായ്..

സേവക കാമിനി മന്ത്രി വേഷങ്ങളിൽ
മിടുക്കിൻ പര്യായം ഞങ്ങളെങ്കിലും

ആരോപിച്ചീടുന്നു പുരുഷാ നീ
ഞങ്ങളെ "പിൻ ബുദ്ധി"യെന്നു

നീയും നിൻറെ പ്രജനികളുമാകും ഞങ്ങളുടെ  ലോകമെങ്കിലും
പരിഹസിക്കുന്നു നീ "ഹാ! നിങ്ങളുടെ ലോകം ചെറുതെന്ന്"

നെടുംതൂണായ്  തണലായ്‌ നിനക്കൊപ്പം ഉണ്ടെങ്കിലും
നാലാൾ പണി പരാതിയേതുമില്ലാതെ ചെയ്യുമെങ്കിലും

വിശേഷണം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു
നീ ഞങ്ങളെ "അബലകൾ, ചപലകളെ'ന്നു ..

വിശ്വത്തെ താങ്ങും സ്നേഹകരങ്ങളെങ്കിലും
ചൊല്ലുന്നൂ "വിശ്വവിപത്തിൻ നാരായ വേരുക'ളെന്നു

ആത്മാഭിമാനത്തിൽ പോറും വിശേഷങ്ങളിവ്വിധമെങ്കിലും
അറിയുക! പുരുഷാ..

നിന്നെ ഞങ്ങൾ  സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു
നീ തന്നെയാണ് ഞങ്ങളുടെ ലോകം!!

Wednesday, June 12, 2013

പുതിയാപ്ല..


എന്‍റെ ഏകാന്തതയ്ക്ക് ഒരവസാനമായി എനിക്കൊരു പുതിയാപ്ല..
എന്‍റെ കാത്തിരിപ്പിന്‍റെ പര്യവസാനമായി വരുന്ന പുതിയാപ്ല
എനിക്കായ് മാത്രം വരുന്ന എന്‍റെ പുതിയാപ്ല ..
എന്നെ നെഞ്ചോടണച്ച് ഇറുകി പുണര്‍ന്ന് സുഖസുഷുപ്തിയിലേക്ക് താഴ്ത്തുന്നവന്‍‍..

കരുത്തുറ്റ കറുത്ത കൈകള്‍ എനിക്കായ് മലര്‍‍ക്കെ തുറന്നവന്‍‍
പരുക്കൻ  നെഞ്ചില്‍‍ ഭാരമിറക്കി വെക്കാന്‍‍ വെമ്പല്‍ കൊണ്ട് ഞാനും
എല്ലാ മോഹഭംഗങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് അവനെ പുല്‍‍കുമ്പോല്‍
കണ്ണീരിനാല്‍‍ യാത്രയയപ്പ് നല്‍‍കുന്നു എന്‍റെ പ്രിയപെട്ടവര്‍..

തൂവെള്ള പുടവകള്‍ അഞ്ചിലും പൊതിഞ്ഞ്
സുറുമയെഴുതി, അത്തറ്പൂശി, മൈലാഞ്ചി അണിയിച്ച്‌
അവന്‍റെ  ഇടുങ്ങിയിരുണ്ട മണ്ണറയിലേക്ക്
എന്നെ തള്ളി വിടുന്ന പ്രിയപ്പെട്ടവരേ ...

ഇന്ന് ഞാന്‍ അവന്‍റെത്‌ മാത്രം!




Tuesday, June 11, 2013

സ്വപ്‌നങ്ങള്‍

എന്റെ മിഴികളില്‍ ഒരായിരം സ്വപ്‌നങ്ങള്‍ ..
എന്റെ സ്വപ്നങ്ങളോരോന്നിലും ഒരായിരം മുത്തുച്ചിപ്പികള്‍..
ഓരോ ചിപ്പിക്കുള്ളിലും ഒരായിരം സ്വപ്‌നങ്ങള്‍ ..
എന്നിട്ടുമെന്തേ ഒന്ന് പോലും എനിക്ക് സ്വന്തമല്ല?

Popular Posts

Labels