Monday, December 8, 2014

കുന്നിമണി..


ഒരു കുന്നിമണിയോളം സ്നേഹം തരാമോ..
ഒരു കടലോളം വിശ്വാസം തരാം!
ഒരു കുന്നിമണിയോളം വിശ്വാസം തരാമോ..
ഒരു കടലോളം സ്നേഹം തരാം !

Sunday, November 23, 2014

നമ്മൾ!














നമ്മൾ ഹൃദയത്തിന്റെ അര അരയാണോ..
അതോ വ്യക്തിത്വത്തിന്റെ ഒന്നും ഒന്നുമാണോ ?

നമ്മൾ ഒഴുകുന്ന നീരുരവകളൊ ..
അതോ ചലിക്കാത്ത സൂചികളോ !

നമ്മൾ സ്നേഹത്തിൻ മൂർത്തീ ഭാവങ്ങളോ ..
അതോ അനുരാഗത്തിൻ പരാജയങ്ങളോ ?

നമ്മൾ ഐഹിക മോഹങ്ങളോ ..
അതോ പാരത്രിക വാഗ്ദാനങ്ങളോ ?

നമ്മൾ നമ്മൾ മാത്രമോ..
അതോ ..നീയും ഞാനുമോ ?!

Thursday, June 26, 2014

വിളികൾ പലതാണ് ..

വിളികൾ പലതാണ് ....
ഘനഗാംഭീര്യത്തോടെ  'ശീതാൾ' ..എന്നുള്ള പിതാശ്രീയുടെ സ്റ്റൈലൻ വിളി ..
മാതാശ്രീയുടെ 'ശീകുട്ടാ' എന്നുള്ള സ്നേഹവിളി ..
എളാപ്പ മാമമാരുടെ ഷീക്കുട്ടീ എന്നുള്ള വിളി ..
'ശീീീ' എന്ന് പ്രിയ കൂട്ടുകാരിയുടെ നീട്ടിയുള്ള വിളി ..
പരിഷ്കാര നാമം വഴങ്ങാതെ 'സീതാ' എന്നുള്ള ഒരു തമിഴ് വിളി..
പ്രിയപ്പെട്ടൊരാളുടെ മിഴികളിൽ മാത്രം നിറഞ്ഞിരുന്നൊരു വിളി
 'മൊഞ്ചത്തീ' എന്നുള്ള കുളിരുന്ന സ്നേഹ  വിളി ...
പുതിയാപ്ളടെ 'മോളേ' എന്നുള്ള വിളി..
എന്നാലെനിക്കേറെയിഷ്ടം ....
"ഉമ്മീീ" എന്നുള്ള തേൻവിളി..!!

Thursday, June 19, 2014

എന്റെ കൊച്ചാപ്പമാർക്കായി..

 
കാല്പനികതയുടെ ലോകം ..പൂക്കളുടെയും സുഗന്ധങ്ങളുടെയും ലോകം..കഥാപാത്രങ്ങളുടെ ലോകം എനിക്കായി തുറന്നു തന്ന ചിലരുണ്ട്..ചോറുരുളകൾക്കൊപ്പം ഉണ്ട അലാവുദ്ധീനും അത്ഭുത വിളക്കും തീർത്ത ബാല കൌതുകം..
 ....
നിങ്ങൾ മേടിച്ചു തന്ന അനേകം പുസ്‌തകങ്ങൾ , റെക്കോർഡ്‌ ചെയ്തു തന്ന കാസെറ്റ്കൾ, കൊണ്ട് പോയി കാണിച്ചു തന്ന നല്ല സിനിമകൾ ..എല്ലാം കൂടിയാണ് എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു നടത്തിയത് എന്ന് അറിയാമോ?


കാസർഗോട് മുതൽ കന്യാകുമാരി വരെയുള്ള യാത്രകളിൽ പുസ്തക കടകളിൽ നിന്നും എനിക്കായ് നല്ല പുസ്‌തകങ്ങൾ തിരയാൻ നിങ്ങൾ കാണിച്ച ശുഷ്കാന്തിയാണ് കാല്പനികതയുടെ ലോകത്തേക്കുള്ള എന്റെ കാൽവെപ്പ് എന്ന് അറിയാമോ..

ആയിരത്തൊന്നു രാവുകളുടെയും ഷഹരസാദ് പറഞ്ഞ കഥകളുടെയും ലോകത്ത് നിന്ന് ആശ്ചര്യം പൂണ്ടു ഞാൻ സ്വന്തം കഥകൾ മെനയുമായിരുന്നു എന്ന് അറിയാമോ ?

മിട്ടായികളും പുസ്തകക്ങ്ങളും വാങ്ങി സിനിമ ലോകത്തേക്ക് ഉള്ള ബൈക്ക് യാത്രകളിൽ  മുകളിൾ കറുത്തിരുണ്ട ആകാശത്ത് നമുക്കൊപ്പം അതേ  സ്പീഡിൽ പാഞ്ഞു പോകുന്ന അമ്പിളി മാമനും പിന്തുടർന്ന് പോകുന്ന നിങ്ങളുടെ കറുത്ത് ചുരുണ്ട മുടിയുള്ള തലയും മാത്രം കഥാപാത്രങ്ങളായി ഞാൻ മനസിൽ ഒരു കഥ മേഞ്ഞിരുന്നത് അറിയാമോ ?

ബാലരം പൂമ്പാറ്റ അടക്കം സകല ബാല മാസികകളും നിങ്ങൾ തന്ന അനേകം ബാലസാഹിത്യ തർജ്ജിമകളും , ആയിരത്തൊന്നു രാവുകളും എല്ലാം കൂടി ഒരു വലിയ ചാക്ക് നിറയെ ഉണ്ടായിരുന്നു ..പത്താം വയാസ്സിൽ വീട് മാറുന്നതിനിടയ്ക്ക്  നഷ്ടപ്പെട്ട് പോയ ആ ചാക്ക് ഈ മുപ്പതുകാരിയെ ഇപ്പോഴും വേദനിപ്പിക്കാറുണ്ട് എന്ന്  അറിയാമോ !

നിങ്ങളില്ലായിരുന്നുവെങ്കിൽ എങ്ങിനെയാണ് ഒരു 8 വയസ്സുകാരി റഷ്യൻ ബാലകഥാ തർജ്ജമകൾ വായിക്കുന്നത് ..ബാലാരമക്കും പൂമ്പാറ്റക്കും ഒപ്പം ഒളിച്ചിരുന്ന് പുനത്തിലിനെയും ബഷീറിനെയും..എട്ടുകാലി മംമൂഞ്ഞിനെയും ..പിന്നെ സകല മാ വാരികകളെയും  അറിയുന്നത് ?

വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ കൊച്ചാപ്പമാരേ..ഞാൻ ഉരുട്ടി  ഉരുട്ടി എഴുതുന്ന ഓരോ അക്ഷരത്തിനും നിങ്ങളോടാണ്‌ എനിക്ക് കടപ്പാട്!

Friday, May 30, 2014

നിനക്കായ് !

ഒരു പൂവിതളിൻ സുഗന്ധം ..
ഒരു കരിയില തൻ വിലാപം..
ഒരു മഞ്ഞു തുള്ളി തൻ ആർദ്രത..
ഒരു സൂര്യനോളം തീക്ഷണത ..
പ്രേമഭാജനമേ നിനക്കായ് !

Friday, May 23, 2014

ഒരു രഹസ്യം ചൊല്ലട്ടെയൊ?















ഒരു രഹസ്യം ചൊല്ലട്ടെയൊ?
പക്ഷേ നീയാണല്ലോ എന്റെ പ്രിയപ്പെട്ട രഹസ്യം
ഞാനെന്തിനീ ലോകത്തോട്‌ പങ്കു വെക്കണം ?

പുലരി പൂക്കുമ്പോൾ ഞാൻ നിന്നെ സൂര്യപ്രഭയിൽ ഒളിപ്പിക്കും..
കിരണങ്ങൾ എന്റെ കവിളിണകളെ തഴുകി ചുവപ്പിക്കുമ്പോൾ ..
മാലോകർ കരുതും സൂര്യന്റെ ചുകപ്പെന്നു..
അത് നീയാണെന്ന് നമ്മൾ മാത്രം അറിഞ്ഞു കൊള്ളട്ടെ..

നീയെന്റെ പ്രിയപ്പെട്ട രഹസ്യമല്ലേ..
എന്തിനേ ഞാനത് ലോകത്തോട്‌ പങ്കു വെപ്പൂ ..

ഇരുൾ മാഞ്ഞതും ഞാൻ നിന്നെ രാവിൻ ഇന്ദ്രജാലത്തിൽ ഒളിപ്പിക്കും ..
എന്റെ കണ്‍കൾ തിളങ്ങും; മിഴിയിണകൾ പൂമൊട്ടായ് വിടർന്നു സുന്ദരമാകും ..
കരിരാവ് പോലുള്ള സുറുമയാണവളുടേതെന്നു മാലോകർ ചൊല്ലും ..
എന്നാൽ നീയാണതെന്നു ഞാൻ മാത്രമറിയുന്നു..

നീയെന്റെ പ്രിയപ്പെട്ട രഹസ്യമാകുന്നു
പങ്കു വെപ്പതില്ല ഈ ലോകത്തോട്‌ .. 

My Precious..

 











You are my precious little secret..
Why would I want the world to know?

When dawn arises, I would hide you in the magnificent rays...
The sun would caress my face and turn it all red...
The world would think it is the rays...
No one would know it’s really you!

When dusk creeps in , I would hide you in the magic of black..
My eyes would bat and gleam in dark..
The world would think it is the blackest of my kajals..
Only I would know it’s really you!

You are my precious little secret..
Why would I want the world to know?

Sunday, May 11, 2014

പെറ്റ വയറ് ആളുന്നല്ലോ ഉമ്മാ!




മദേർസ് ഡേ പോസ്റ്റുകൾ വായിച്ചു കണ്ണിലൊരു നനവും പടർത്തി ഞാനിരുന്നു ..ഈ മാതൃത്വം എന്ന് പറഞ്ഞാൽ ഇമ്മിണി ബല്യ ഒരു സാധനമാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നെങ്കിലും, സ്വന്തമായി ഒരു പെണ്‍കുഞ്ഞു ഉണ്ടായപ്പോഴാണ് അതിന്റെ ഒരു full impact മനസ്സിലായത്!

പണ്ട് ഓഫീസ് കഴിഞ്ഞു വൈകിട്ട് ആറ് മണിക്കു വീട്ടിലെത്തുന്ന ഞാൻ എത്താൻ 6.15 ആയി പോയാൽ ഗേറ്റിനു വെളിയിൽ ഇറങ്ങി റോഡിൻറെ അരികിൽ ഒരാൾ നില്പുണ്ടാവും..സാരിത്തലപ്പു മറ്റേ തോളത്തുകൂടി വിരിഞ്ഞു മുറുക്കിയുള്ള ഒരു നിൽപ്പ്! ആ മുഖത്തുള്ള ആളലും വയറിലെ കത്തലും ദൂരെ നിന്നേ ഞാൻ കാണും ..എന്നാലും അടുത്തെത്തുമ്പോൾ ഒരു പുഛ ചിരി ചിരിച്ചു അകത്തേക്കോടി ഞാൻ പറയും "ഈ മമ്മീടെ ഒരു കാര്യം! പത്തു മിനുട്ട് അല്ലെ വൈകിയുള്ളൂ!"
വിരിഞ്ഞു മുറുകിയ ചുണ്ടുകൾ വീണ്ടും അയഞ്ഞു ഒരു പുഞ്ചിരിയുടെ ലാഞ്ചന വരുത്തി പറയും "നിനക്കൊക്കെ ഒരു പെങ്കൊചുണ്ടാവട്ടെടീ. അപ്പൊ നീ അറിയും ഈ ആളലൊക്കെ!"
"പിന്നേ ! അത്രയ്ക്ക് പേടിച്ചു തൂറിയാവാനോ" എന്ന് ഞാനും.

എന്നാൽ ഇന്ന് കളിക്കാൻ പോയ എന്റെ നാല് വയസ്സുകാരിയെ ഒരു രണ്ടു മിനിട്ട് കണ്ടില്ലെങ്കിൽ ഇതേ ആളലോടെ ഞാൻ ഓടും..
ഫ്ലാറ്റിന്റെ താഴെ കൊമണ്‍ ഏരിയയിലും ..കളി സ്ഥലത്തും എല്ലാം ഒരു രണ്ടു സെക്കന്റ്‌ മാറി പോയാൽ അപ്രത്യക്ഷമാകുന്ന അവളെ നോക്കി ഞാൻ ഒരു മുഴുപ്രാന്തിയെപ്പോലെ ഓടും..മറ്റു ഫ്ലാറ്റുകളിക്കെല്ലാം ചെന്ന് വാതിലിൽ മുട്ടും ..അപ്പൊ ഇതേ ആളൽ ഒരു  ഇബ്ലീസായി മാറി എന്റെ നെഞ്ചിടിപ്പുകൾ പിഴിഞ്ഞ് കൊണ്ടിരിക്കും ..

ഒരിക്കൽ ഇത് പറയാൻ ഞാൻ ശ്രമിച്ചു. ഫോണ്‍ എടുത്തു വിളിച്ചിട്ട് പറഞ്ഞു "പെറ്റ വയർ ആളുന്നല്ലോ ഉമ്മാ.."
അങ്ങേ തലക്കൽ നിന്ന് "നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ കാലി വയറും കൊണ്ട് നടക്കരുതെന്നു!..വെശന്ന് നടക്കാതെ പോയി വല്ലോം ഇണ്ടാക്കി തിന്ന്‌! എത്ര പറഞ്ഞാലും ഈ പെണ്ണ് കേക്കൂല ! പെറ്റ പെണ്ണുങ്ങൾ ഇങ്ങനെ വയറും ആളി നടക്കാമോ..നല്ലോണം തിന്നേണ്ട പ്രായമല്ലേ.....................................................................!!!!!!!

Friday, May 9, 2014

കുഞ്ഞു മാലാഖയും തീപ്പെട്ടിക്കാരിയും !





കുട്ട്യോൾക്ക് ഞാൻ സ്ഥിരം പറഞ്ഞു കൊടുക്കുന്ന രണ്ടു കഥകളുണ്ട് : ഒരു കുഞ്ഞു മാലാഖയുടെത് , മറ്റൊന്ന് ഒരു കൊച്ചു തീപ്പെട്ടി വില്പനക്കാരിയുടെത്..

ഭൂമിയിലെ നിസ്വാർത്ഥ സ്നേഹം കണ്ടു കരഞ്ഞു പോയതിനാൽ ശാപം കൊണ്ട് ചിറകുകൾ അറ്റ് പോയി ഭൂമിയിൽ നിലം പതിച്ച ഒരു കുഞ്ഞു മാലാഖ; മഞ്ഞു വീഴുന്ന ഒരു ക്രിസ്മസ് രാത്രിയിലും ദാരിദ്ര്യം കൊണ്ട് തീപ്പെട്ടികൂട് വിൽക്കാനിറങ്ങി മഞ്ഞിൽ തണുത്തുറഞ്ഞു ജീവൻ വെടിഞ്ഞ ഒരു കൊച്ചു തീപ്പെട്ടിക്കാരിയും....

ഇത് പറഞ്ഞു തീരുമ്പോഴേക്കും അവരുടെ മുഖത്ത് ഒരു ശോകഭാവം വന്നു മൂടും ..രണ്ടു നിമിഷം ആലോചനയിലാണ്ട ശേഷം മോൻ പ്രഖ്യാപിക്കും :"ഇന്ക്ക് ആ കുഞ്ഞി മാലാക്കെ ഇഷ്ച്ചാണ് മ്മീ .."
മോള് :"പിന്നെ എനിച്ചും"

ദോറെമോനും , ബാർബിയും, സബ്വെ സര്ഫെരും, പവർ രെഞ്ചെർസും, ഐ പാടും, റ്റാബും യാന്ത്രികമായ സകല ടെക്നോളജിയും ഒക്കെ കൂടി മരുഭൂവാക്കി മാറ്റുന്ന കുരുന്നു മനസ്സുകൾ തീരെ വരണ്ടു പോകാതിരിക്കാൻ ചോറുരുളകള്കൊപ്പം ഞാൻ ചേർക്കാറുണ്ട്..ഒരു കുഞ്ഞു മാലാഖയും ഒരു കൊച്ചു തീപ്പെട്ടികാരിയും!

Popular Posts

Labels