Sunday, April 12, 2015

കുടുംബ പുരാണം

പണ്ട് പണ്ട് കൊച്ചി രാജ്യത്ത് അതികായനായ ഒരു രാജാവുണ്ടായിരുന്നു .പേര് ശശി. പക്ഷെ മൂപ്പര്  സ്വയം വിളിച്ചിരുന്നത്‌ അസീസ്‌ ബിൻ ഖാലിദ് അൽ കാളിയാത്ത് എന്നാണ്ടൊക്കെ ആയിരുന്നു.
കൂടെ കഴുവുറ്റ, സുന്ദരിയായ മഹാറാണിയും അതീവസുന്ദരികളായ രണ്ടു രാജകുമാരികളും!

ആരും പേടിച്ചു പോകുന്ന സുന്ദരിയും , കലാ നിപുണയും, അഗാധപണ്ഡിതയും മേമ്പൊടിക്ക് ഇച്ചിരി നൊസ്സും ഉള്ള  മൂത്ത കുമാരിയെ വേൾക്കാൻ വില്ലാളി വീരന്മാർ പലരും വില്ല് കുലച്ചു നോക്കിയെങ്കിലും ശശി രാജാവ് തമ്മ്യ്ച്ചില്ല ! ഒടുവിൽ..! ഹോ ..എന്തരു പറയണ്! തിരുവിതാങ്കൂറിലെ ആസ്ഥാന മഹാരാജാവിന്റെ അപ്പിയെ തന്നെ ഇറക്കേണ്ടി വന്നു !! വോ ..തന്നെ തന്നെ !

സുശീല കോമാളി..സോറി , കോമളാങ്കിയും , കുറുംബിയും ..മഹാതല്ലിപ്പൊളിയുമായ ഇളയ പുത്രിയെ വേൾക്കാൻ ..ഓ എന്നാ പറയാനാന്നെ! കോട്ടയം കുഞ്ഞച്ചനെത്തന്നെ കിട്ടിയെന്നേ!! എന്നതാന്നേ ഒരു ഗ്ലാമര് !! പേര് തന്നെ അക്ബർ ഷാ ഷാ ഷാാ!! എന്നല്ലിയോ !!
അങ്ങനെ രാജാവും പരിവാരങ്ങളും കൂടി കപ്പയും മീനും കഴിച്ച് നാട് കാണാൻ ഇറങ്ങിയപ്പോ എടുത്ത അപൂർവ്വം പോട്ടം ആണ് ഇത് ! ഗൊള്ളാമോ ?

Thursday, March 5, 2015

കരിയില




ശാന്തമായൊരിടവഴിയിൽ പൊടിപടലത്താൽ മൂടപ്പെട്ടൊരു കരിയില ഞാൻ..
യുഗങ്ങളായി ഭൂവിൻ മടിയിൽ ശാന്തമായ് ഉറങ്ങും കരിയില ഞാൻ..

ധൂമപടലങ്ങളെ ചുംബിച്ചൊരു പാതിമയക്കത്തിനിടയിലൊരുനാൾ
പൊടിപടർത്തി ചീറിപ്പായുമാ ചക്രങ്ങൾ നൊടിയിലുണർത്തി വിട്ടെന്നെ..

ഭ്രാാന്തൻ കാറ്റിലുണർന്നു കലഹിക്കും ഭൂവിൽ ആനന്ദനൃത്തമാടി ഞാൻ
പായും ചക്രങ്ങൾക്കു തൻ പിന്നാലെ ഒട്ടു ദൂരം ഓടിയൊരു കരിയില ഞാൻ..

ചക്രവാളത്തിൽ കാണാമറയത്തായി പോയൊരു പൊട്ടിന്മേൽ
നഷ്ടാനുരാഗത്താൽ വീണ്ടും മണ്ണിൽ തകർന്നടിഞ്ഞെന്റെ ചിറകുകൾ..

ശാന്തമായൊരിടവഴിയിൽ പൊടിപടലത്താൽ മൂടപ്പെട്ടൊരു കരിയില ഞാൻ..


ഒരു ചരമക്കുറിപ്പ് !


ചില ചീഞ്ഞ സൌഹൃദങ്ങൾ അങ്ങനെയാണ് ..പോകുമ്പോൾ നമ്മുടെ വലിയ ഒരു ഭാഗം കൂടി കൂടെ കൊണ്ട് പോകും ..തിരിച്ചെടുക്കാനാവാത്ത  വിധം..ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം ! ഇവിടെ നീ കൊണ്ട് പോകുന്നത് എന്റെ ഹൃദയത്തിന്റെ അരയാണ്..
നീ എനിക്ക് എന്തായിരുന്നു എന്ന് എന്നെങ്കിലും നീ തിരിച്ചറിയുമോ ?..

എന്ത് കൊണ്ട് നിനക്ക് യഥാർത്ഥ പ്രണയങ്ങൾ ഇത് വരെ ഉണ്ടായില്ല എന്ന് ഞാൻ ഇപ്പോൾ  മനസ്സിലാക്കുന്നു ..ആഴത്തിൽ അറിഞ്ഞു പ്രണയത്തിൽ അലിയാനും അതിനുതകുന്ന ഹൃദയം വേണം..എല്ലാവര്ക്കും കിട്ടാത്ത അനുഗ്രഹം! ദുഷ്ക്കരമെങ്കിലും ഞാൻ ആഗ്രഹിക്കുന്നു ..ഒരിക്കലെങ്കിലും നിനക്കും സംഭവിക്കണം ..ആരോടെങ്കിലും തീവ്രമായ പ്രണയത്തിൽ  പെട്ട് പോകണം ..അതിന്റെ വിങ്ങൽ നിന്റെ ഹൃദയത്തെ കാർന്നു തിന്നുമ്പോൾ നീ അറിയുമല്ലോ ..ഞാൻ എന്തിനീ ഭ്രാന്തു കാണിചിരുന്നുവെന്നും നീ എനിക്ക് എന്തായിരുന്നുവെന്നും ..!

നിനക്കെന്നോട്  പ്രണയമാണെന്ന് ഇനി വിശ്വസിക്കാൻ വയ്യ . ആയിരുന്നുവെങ്കിൽ  ..എന്നെ പോലെ ശ്വാസം മുട്ടി പിടഞ്ഞേനെ..എന്തെന്നാൽ യഥാർത്ഥ പ്രണയം അങ്ങിനെയാണ് ..! ഒരു വാക്ക് കേൾക്കാതെയോ ഒരു നോക്ക് കാണാതെയോ അത് ഇരിക്കപൊറുതി തരില്ല ! ശെരിയായ പ്രേമം മനസ്സിൽ വിങ്ങലുണ്ടാക്കുന്നതാണ് ..!! 'മനസ്സിൽ ഉണ്ടല്ലോ' ,  'എപ്പോഴെങ്കിലും  മിണ്ടിയാൽ മതിയല്ലോ'  എന്നാ തോന്നൽ, അറിയുക, അത് പ്രണയമല്ല എന്ന്!

പിന്നെ സൗഹ്രദം ..നോക്കു, നിന്റെ സൗഹ്രദം ഏറ്റവും ആവശ്യമായ അവസരങ്ങളിൽ നീ ഉണ്ടായിരുനില്ല്ല ..നിന്റെ സാന്നിധ്യം ആഗ്രഹിച്ചപ്പോൾ അവിടെ ഉണ്ടാവാൻ നീ ശ്രമം നടത്തിയില്ല എന്നത് എനിക്ക് വേദനിച്ചു . .കേള്ക്കാൻ ഒരു ചെവി ഉണ്ടാവുക എന്നാണു സൌഹ്രദത്തിന്റെ ധർമം! അത്രെയുമെ പ്രതീക്ഷിചിരുന്നുള്ളു .. വാക്കുകൾ കൊണ്ട് ഒരു തലോടൽ ..ഒരു സ്വാന്തനം ..അത്യാഗ്രഹമായി പോയി  പ്രതീക്ഷകൾ അല്ലെ ? അതെ എന്ന് അനുഭവം..കാരണം നീ  മുന്ഗണന നല്കിയത് നമ്മുടെ സൌഹ്രദത്തിനായിരുന്നില്ല !

ഒരേ സമയംതന്നെ നീ എത്ര ഭാഗ്യവാനും നിര്ഭാഗ്യവാനും ആണെന് അറിയാമോ?
നിന്നെ ജീവനോളം കരുതിയ ഒരു സ്നേഹമുണ്ടായിരുന്നു ..നീ ഒരു പെണ്ണിന്റെ തീവ്രവും അനശ്വരവുമായ പ്രണയത്തിനു പാത്രമായിരുന്നു എന്നത് നിന്നെ ഭൂമിയിലെ ഭാഗ്യവാന്മാരിൽ പെടുത്തുന്നു! വെറും നൈമിഷിക സുഖത്തിനു അടിയറവു  വെക്കാതെ , കറയില്ലാത്ത , നിര്മ്മലമായ  സ്നേഹം ഒരുത്തി നിനക്കായി മാത്രം കരുതി വെച്ചിരുന്നു ..
എന്നാൽ നീ അതെ സമയം നിര്ഭാഗ്യവാനും! അതിന്റെ മതിപ്പ് നീ തിരിച്ചറിഞ്ഞില്ലലോ ..അത് നിനക്ക് നേരെ വെച്ച് നീട്ടാൻ അവൾ ഇനി ഉണ്ടാവില്ല ! അത് ജ്വലിക്കുന്നത് നീയൊട്ടു അറിയാനും പോകുന്നില്ല്ല !

വൃത്തികെട്ട കാമത്തിന് അടിയറവു  വെച്ച് നശിപ്പികില്ല എന്റെ സ്നേഹവും സൗഹ്രുതവും എന്ന് തീരുമാനിച്ചിരുന്നു ..അത്രമേൽ വിലപ്പെട്ടതായി കരുതി ഈ സ്നേഹം ! നിര്മ്മലമായ സ്നെഹതിനപ്പുരത്തെക്കു നമ്മൾ തരം താഴരുത് എന്ന് നിര്ബന്ധം ഉണ്ടായിരുന്നു ..  ..ചെയ്‌താൽ തീരുന്നതാണ് കാമം ..ചെയ്താലും പിന്നെയും കൂടി വരുന്നത് ഒടുങ്ങാത്ത പ്രണയം! 

സ്നേഹിക്കപെടാത്തത് മാത്രമല്ല കൊടുക്കുന്ന അളവിൽ തിരികെ കിട്ടാത്തതും വേദന തന്നെ!
ഇനി വയ്യ !
എന്റേതായിരുന്നില്ല ഒരിക്കലുമെന്ന തിരിച്ചറിവിനാൽ..
ഈ സ്നേഹത്തെ ഇന്നിതാ പറത്തി വിടുന്നു... ചിറകുകൾക്കു വലിപ്പം വെച്ചു പറന്നകന്നുകൊൾക!
തിരിഞ്ഞു നോക്കരുത്‌...

അനന്തതയുടെ വിഹായസ്സിൽ
ഒരു കുഞ്ഞു തൂവൽ..
നോക്കൂ...
അതെന്റെ സ്വപ്നങ്ങളായിരുന്നു!
പ്രിയനേ നിനക്ക് വിട !

Monday, December 8, 2014

കുന്നിമണി..


ഒരു കുന്നിമണിയോളം സ്നേഹം തരാമോ..
ഒരു കടലോളം വിശ്വാസം തരാം!
ഒരു കുന്നിമണിയോളം വിശ്വാസം തരാമോ..
ഒരു കടലോളം സ്നേഹം തരാം !

Sunday, November 23, 2014

നമ്മൾ!














നമ്മൾ ഹൃദയത്തിന്റെ അര അരയാണോ..
അതോ വ്യക്തിത്വത്തിന്റെ ഒന്നും ഒന്നുമാണോ ?

നമ്മൾ ഒഴുകുന്ന നീരുരവകളൊ ..
അതോ ചലിക്കാത്ത സൂചികളോ !

നമ്മൾ സ്നേഹത്തിൻ മൂർത്തീ ഭാവങ്ങളോ ..
അതോ അനുരാഗത്തിൻ പരാജയങ്ങളോ ?

നമ്മൾ ഐഹിക മോഹങ്ങളോ ..
അതോ പാരത്രിക വാഗ്ദാനങ്ങളോ ?

നമ്മൾ നമ്മൾ മാത്രമോ..
അതോ ..നീയും ഞാനുമോ ?!

Thursday, June 26, 2014

വിളികൾ പലതാണ് ..

വിളികൾ പലതാണ് ....
ഘനഗാംഭീര്യത്തോടെ  'ശീതാൾ' ..എന്നുള്ള പിതാശ്രീയുടെ സ്റ്റൈലൻ വിളി ..
മാതാശ്രീയുടെ 'ശീകുട്ടാ' എന്നുള്ള സ്നേഹവിളി ..
എളാപ്പ മാമമാരുടെ ഷീക്കുട്ടീ എന്നുള്ള വിളി ..
'ശീീീ' എന്ന് പ്രിയ കൂട്ടുകാരിയുടെ നീട്ടിയുള്ള വിളി ..
പരിഷ്കാര നാമം വഴങ്ങാതെ 'സീതാ' എന്നുള്ള ഒരു തമിഴ് വിളി..
പ്രിയപ്പെട്ടൊരാളുടെ മിഴികളിൽ മാത്രം നിറഞ്ഞിരുന്നൊരു വിളി
 'മൊഞ്ചത്തീ' എന്നുള്ള കുളിരുന്ന സ്നേഹ  വിളി ...
പുതിയാപ്ളടെ 'മോളേ' എന്നുള്ള വിളി..
എന്നാലെനിക്കേറെയിഷ്ടം ....
"ഉമ്മീീ" എന്നുള്ള തേൻവിളി..!!

Thursday, June 19, 2014

എന്റെ കൊച്ചാപ്പമാർക്കായി..

 
കാല്പനികതയുടെ ലോകം ..പൂക്കളുടെയും സുഗന്ധങ്ങളുടെയും ലോകം..കഥാപാത്രങ്ങളുടെ ലോകം എനിക്കായി തുറന്നു തന്ന ചിലരുണ്ട്..ചോറുരുളകൾക്കൊപ്പം ഉണ്ട അലാവുദ്ധീനും അത്ഭുത വിളക്കും തീർത്ത ബാല കൌതുകം..
 ....
നിങ്ങൾ മേടിച്ചു തന്ന അനേകം പുസ്‌തകങ്ങൾ , റെക്കോർഡ്‌ ചെയ്തു തന്ന കാസെറ്റ്കൾ, കൊണ്ട് പോയി കാണിച്ചു തന്ന നല്ല സിനിമകൾ ..എല്ലാം കൂടിയാണ് എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു നടത്തിയത് എന്ന് അറിയാമോ?


കാസർഗോട് മുതൽ കന്യാകുമാരി വരെയുള്ള യാത്രകളിൽ പുസ്തക കടകളിൽ നിന്നും എനിക്കായ് നല്ല പുസ്‌തകങ്ങൾ തിരയാൻ നിങ്ങൾ കാണിച്ച ശുഷ്കാന്തിയാണ് കാല്പനികതയുടെ ലോകത്തേക്കുള്ള എന്റെ കാൽവെപ്പ് എന്ന് അറിയാമോ..

ആയിരത്തൊന്നു രാവുകളുടെയും ഷഹരസാദ് പറഞ്ഞ കഥകളുടെയും ലോകത്ത് നിന്ന് ആശ്ചര്യം പൂണ്ടു ഞാൻ സ്വന്തം കഥകൾ മെനയുമായിരുന്നു എന്ന് അറിയാമോ ?

മിട്ടായികളും പുസ്തകക്ങ്ങളും വാങ്ങി സിനിമ ലോകത്തേക്ക് ഉള്ള ബൈക്ക് യാത്രകളിൽ  മുകളിൾ കറുത്തിരുണ്ട ആകാശത്ത് നമുക്കൊപ്പം അതേ  സ്പീഡിൽ പാഞ്ഞു പോകുന്ന അമ്പിളി മാമനും പിന്തുടർന്ന് പോകുന്ന നിങ്ങളുടെ കറുത്ത് ചുരുണ്ട മുടിയുള്ള തലയും മാത്രം കഥാപാത്രങ്ങളായി ഞാൻ മനസിൽ ഒരു കഥ മേഞ്ഞിരുന്നത് അറിയാമോ ?

ബാലരം പൂമ്പാറ്റ അടക്കം സകല ബാല മാസികകളും നിങ്ങൾ തന്ന അനേകം ബാലസാഹിത്യ തർജ്ജിമകളും , ആയിരത്തൊന്നു രാവുകളും എല്ലാം കൂടി ഒരു വലിയ ചാക്ക് നിറയെ ഉണ്ടായിരുന്നു ..പത്താം വയാസ്സിൽ വീട് മാറുന്നതിനിടയ്ക്ക്  നഷ്ടപ്പെട്ട് പോയ ആ ചാക്ക് ഈ മുപ്പതുകാരിയെ ഇപ്പോഴും വേദനിപ്പിക്കാറുണ്ട് എന്ന്  അറിയാമോ !

നിങ്ങളില്ലായിരുന്നുവെങ്കിൽ എങ്ങിനെയാണ് ഒരു 8 വയസ്സുകാരി റഷ്യൻ ബാലകഥാ തർജ്ജമകൾ വായിക്കുന്നത് ..ബാലാരമക്കും പൂമ്പാറ്റക്കും ഒപ്പം ഒളിച്ചിരുന്ന് പുനത്തിലിനെയും ബഷീറിനെയും..എട്ടുകാലി മംമൂഞ്ഞിനെയും ..പിന്നെ സകല മാ വാരികകളെയും  അറിയുന്നത് ?

വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ കൊച്ചാപ്പമാരേ..ഞാൻ ഉരുട്ടി  ഉരുട്ടി എഴുതുന്ന ഓരോ അക്ഷരത്തിനും നിങ്ങളോടാണ്‌ എനിക്ക് കടപ്പാട്!

Popular Posts

Labels