ഈ താലി സിസ്റ്റം ഒന്നും നമുക്കില്ലെങ്കിലും എനിക്കും കിട്ടി ഒരെണ്ണം .... നിക്കാഹ് കയിഞ്ഞ ഉടനെ മഹറിന്റെ രൂപത്തിൽ ഒരു ഭീകര രൂപിയായ താലി പറന്നെന്റെ കഴുത്തിൽ വന്നു വീണു .. അതിന്റെയൊരു വണ്ണവും വലിപ്പവും കണ്ടു എല്ലാരും വാ പൊളിച്ചു 'അള്ളാഹു അക്ബർ'!
ഓർക്കാപ്പുറത്തുള്ള ആക്രമണം അല്ലെ! വേച്ചു വീഴാതിരിക്കാൻ ഞാൻ അലങ്കരിച്ച സിംഹാസനത്തിൽ അള്ളിപ്പിടിച്ചു.
വീട്ടിൽ എത്തിയ ഉടനെ വേഷഭൂഷാദികളും ആടയാഭരണങ്ങളും ഊരി ശ്വാസം കഴിക്കാൻ അമ്മായിമാര് സഹായിക്കുന്നതിനിടയിൽ ഈ സാധനം ഞാൻ തഞ്ചത്തിൽ ഊരാൻ നോക്കി ..
അമ്മായിമാരുടെ കോറസ് മുഴങ്ങി : ''ലാ ഹൌലവാലാ കൂവത്ത ഇല്ലാ ബില്ലാഹീീ ...കെട്ടി ചൂടാറിയില്ല..അയിനു മുന്നേ ഊരി മാറ്റ്കേ ??'' പേടിച്ചരണ്ട ഞാൻ ആ കയറും വലിച്ചു നടപ്പായി ..
അമ്മായി ഇങ്ങനെ എങ്കിൽ ..അമ്മായിഅമ്മ പറയുന്ന പുകിലോർത്തു പുളകം കൊണ്ടു ..
അടുത്ത ദിവസം അമ്മായിഅമ്മയുടെ അശരീരി : " ഈ കട്ടി ചെയിൻ ഇട്ടോണ്ട് നടന്നാൽ കഴുത്തൊക്കെ കറുത്ത് കറുത്ത് വൃത്തികേടായി പോകില്ലേ ..വല്ല സിമ്പിൾ ആയി സ്റ്റൈൽ ഉള്ള നേരിയ ചെയിൻ വല്ലോം ഇട്ടാൽ പോരെ..''
''ഹെന്ത് '' ഞാൻ ആ കഴുത്തിലേക്കു സൂക്ഷിച്ച് നോക്കി.. ഇല്ലാ ...അവിടം ശൂന്യം !!
ആഹ്ലാദത്തോടെ ഞാനാ ചക്കക്കുരു ഊരിമാറ്റി ..
മൂപ്പിലാൻ "അത് നീ വിറ്റ് ഇഷ്ടമുള്ളത് വാങ്ങിച്ചോ" എന്ന് പറഞ്ഞതും ഉടനെ തന്നെ ആ യൂസ് ലെസ്സ് കയർ വിറ്റ് കാശാക്കി ..
''ഇത്ര പെട്ടന്ന് താലി വിക്ക്യേ'' എന്ന് മൂക്കത്ത് വിരൽ വെച്ച അമ്മായി മാർക്ക് മുന്നിൽ ഇരുന്നു ഞാൻ ഉറക്കെ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു!