Thursday, June 26, 2014

വിളികൾ പലതാണ് ..

വിളികൾ പലതാണ് ....
ഘനഗാംഭീര്യത്തോടെ  'ശീതാൾ' ..എന്നുള്ള പിതാശ്രീയുടെ സ്റ്റൈലൻ വിളി ..
മാതാശ്രീയുടെ 'ശീകുട്ടാ' എന്നുള്ള സ്നേഹവിളി ..
എളാപ്പ മാമമാരുടെ ഷീക്കുട്ടീ എന്നുള്ള വിളി ..
'ശീീീ' എന്ന് പ്രിയ കൂട്ടുകാരിയുടെ നീട്ടിയുള്ള വിളി ..
പരിഷ്കാര നാമം വഴങ്ങാതെ 'സീതാ' എന്നുള്ള ഒരു തമിഴ് വിളി..
പ്രിയപ്പെട്ടൊരാളുടെ മിഴികളിൽ മാത്രം നിറഞ്ഞിരുന്നൊരു വിളി
 'മൊഞ്ചത്തീ' എന്നുള്ള കുളിരുന്ന സ്നേഹ  വിളി ...
പുതിയാപ്ളടെ 'മോളേ' എന്നുള്ള വിളി..
എന്നാലെനിക്കേറെയിഷ്ടം ....
"ഉമ്മീീ" എന്നുള്ള തേൻവിളി..!!

Thursday, June 19, 2014

എന്റെ കൊച്ചാപ്പമാർക്കായി..

 
കാല്പനികതയുടെ ലോകം ..പൂക്കളുടെയും സുഗന്ധങ്ങളുടെയും ലോകം..കഥാപാത്രങ്ങളുടെ ലോകം എനിക്കായി തുറന്നു തന്ന ചിലരുണ്ട്..ചോറുരുളകൾക്കൊപ്പം ഉണ്ട അലാവുദ്ധീനും അത്ഭുത വിളക്കും തീർത്ത ബാല കൌതുകം..
 ....
നിങ്ങൾ മേടിച്ചു തന്ന അനേകം പുസ്‌തകങ്ങൾ , റെക്കോർഡ്‌ ചെയ്തു തന്ന കാസെറ്റ്കൾ, കൊണ്ട് പോയി കാണിച്ചു തന്ന നല്ല സിനിമകൾ ..എല്ലാം കൂടിയാണ് എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു നടത്തിയത് എന്ന് അറിയാമോ?


കാസർഗോട് മുതൽ കന്യാകുമാരി വരെയുള്ള യാത്രകളിൽ പുസ്തക കടകളിൽ നിന്നും എനിക്കായ് നല്ല പുസ്‌തകങ്ങൾ തിരയാൻ നിങ്ങൾ കാണിച്ച ശുഷ്കാന്തിയാണ് കാല്പനികതയുടെ ലോകത്തേക്കുള്ള എന്റെ കാൽവെപ്പ് എന്ന് അറിയാമോ..

ആയിരത്തൊന്നു രാവുകളുടെയും ഷഹരസാദ് പറഞ്ഞ കഥകളുടെയും ലോകത്ത് നിന്ന് ആശ്ചര്യം പൂണ്ടു ഞാൻ സ്വന്തം കഥകൾ മെനയുമായിരുന്നു എന്ന് അറിയാമോ ?

മിട്ടായികളും പുസ്തകക്ങ്ങളും വാങ്ങി സിനിമ ലോകത്തേക്ക് ഉള്ള ബൈക്ക് യാത്രകളിൽ  മുകളിൾ കറുത്തിരുണ്ട ആകാശത്ത് നമുക്കൊപ്പം അതേ  സ്പീഡിൽ പാഞ്ഞു പോകുന്ന അമ്പിളി മാമനും പിന്തുടർന്ന് പോകുന്ന നിങ്ങളുടെ കറുത്ത് ചുരുണ്ട മുടിയുള്ള തലയും മാത്രം കഥാപാത്രങ്ങളായി ഞാൻ മനസിൽ ഒരു കഥ മേഞ്ഞിരുന്നത് അറിയാമോ ?

ബാലരം പൂമ്പാറ്റ അടക്കം സകല ബാല മാസികകളും നിങ്ങൾ തന്ന അനേകം ബാലസാഹിത്യ തർജ്ജിമകളും , ആയിരത്തൊന്നു രാവുകളും എല്ലാം കൂടി ഒരു വലിയ ചാക്ക് നിറയെ ഉണ്ടായിരുന്നു ..പത്താം വയാസ്സിൽ വീട് മാറുന്നതിനിടയ്ക്ക്  നഷ്ടപ്പെട്ട് പോയ ആ ചാക്ക് ഈ മുപ്പതുകാരിയെ ഇപ്പോഴും വേദനിപ്പിക്കാറുണ്ട് എന്ന്  അറിയാമോ !

നിങ്ങളില്ലായിരുന്നുവെങ്കിൽ എങ്ങിനെയാണ് ഒരു 8 വയസ്സുകാരി റഷ്യൻ ബാലകഥാ തർജ്ജമകൾ വായിക്കുന്നത് ..ബാലാരമക്കും പൂമ്പാറ്റക്കും ഒപ്പം ഒളിച്ചിരുന്ന് പുനത്തിലിനെയും ബഷീറിനെയും..എട്ടുകാലി മംമൂഞ്ഞിനെയും ..പിന്നെ സകല മാ വാരികകളെയും  അറിയുന്നത് ?

വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ കൊച്ചാപ്പമാരേ..ഞാൻ ഉരുട്ടി  ഉരുട്ടി എഴുതുന്ന ഓരോ അക്ഷരത്തിനും നിങ്ങളോടാണ്‌ എനിക്ക് കടപ്പാട്!

Popular Posts

Labels